Wednesday 20 January 2016

അമ്മയുടെ കാമുകൻ.

സംസാരിക്കുവാൻ ഒന്നുമില്ലായിരുന്നു. ഒഴിഞ്ഞ ഗ്ലാസ് ഒരിക്കൽ കൂടി നിറയ്ക്കുവാൻ അയാൾ ബിയർബോട്ടിൽ ചെരിച്ചു. തന്റെ ചെയ്തികളെ സസൂക്ഷ്മം വീക്ഷിക്കുന്ന ആ രണ്ടു കണ്ണുകളെ അയാൾ ഭയപ്പെടുന്നുവെന്നു തോന്നി. കൗമാരത്തിന്റെ ചാപല്യങ്ങൾ ഏതുമേൽക്കാത്ത കണ്ണുകൾ മേശയുടെ  മറുവശത്തിരുന്നിരുന്ന ആൺകുട്ടിയുടേതായിരുന്നു. നൊമ്പരപെടുത്തുന്ന  നിശബ്ദത അയാൾക്ക്‌ ചുറ്റും പടർന്നു പിടിച്ചു. കുട്ടി അയാളോടൊന്നും ചോദിച്ചതുമില്ല, കഴിച്ചതുമില്ല. തണുത്ത കാറ്റ് അന്തരീക്ഷം നിറഞ്ഞു നിന്നിട്ടും അയാൾ വിയർത്ത് കുളിച്ചിരുന്നു. തങ്ങളുടെയിടയിൽ തങ്ങിനിന്നിരുന്ന ചിരപരിചിതമായ അപരിചിതത്വം അയാൾ മുതലെടുക്കുവാൻ തീരുമാനിച്ചു. പുറത്തെ തിരക്കിലേയ്ക്ക് കണ്ണയച്ചുകൊണ്ട് അയാൾ ചോദിച്ചു, നീ എത്രയിലാണ് പഠിക്കുന്നത്? കുട്ടി മുഖം തെല്ലുയർത്തിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഒരേസമയം അപകർഷതയും കുറ്റബോധവും അയാളെ വേട്ടയാടി. കുട്ടിയെ കാണുവാൻ എടുത്ത തീരുമാനത്തെ അയാൾ മനസ്സിൽ പ്രാകികൊണ്ടിരുന്നു. കൗമാരം കടക്കാത്ത കുട്ടിയിൽ നിന്നും അവന്റെ ഊടും പാവുമായിരുന്ന അമ്മയെ ബലമായ്‌ പിടിച്ചെടുത്ത രഹസ്യകാമുകനായിരുന്നു അയാൾ. തന്നോടുതന്നെ അയാൾക്ക് വെറുപ്പ്‌ തോന്നി. ഭാവഭേദമേതും കൂടാതെ തന്നെ നോക്കിയിരിക്കുന്ന കണ്ണുകൾ ഏതോ യോഗിയുടേതെന്നപോൽ നിഷ്കളങ്കവും നിർമലവുമായിരുന്നു. അയാൾ ഇരുന്നു മുഷിയുന്ന മുറയ്ക്ക് മുന്നിലെ ഗ്ലാസ് പലതവണ ഒഴിയുകയും നിറയുകയും ചെയ്തു.
അസ്തമയസൂര്യൻ തന്റെ വിശാലമായ കൈകൾ  വിരിച്ച് ഭൂമിയെ ആലിംഗനം ചെയ്തു, നാളെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ അവർ പിരിയാൻ തുടങ്ങുകയായിരുന്നു. കുട്ടിയും സാവധാനം തന്റെ കസേരയിൽ നിന്നെണീറ്റ് അമ്മയുടെ കാമുകനെ ദീർഘമായ് ആലിംഗനം ചെയ്തു. ഒരുടുപ്പഴിക്കുന്ന ലാഘവത്തോടെ കുട്ടി തന്റെ ബാല്യവും കൗമാരവും അയാൾക്ക്‌ മുന്നിൽ ഉപേക്ഷിച്ച്, ദൂരങ്ങളിലേയ്ക് യാത്രയായി.

8 comments: