Friday 4 March 2016

ഉമ്മ പട്ടിണി

നിലാവുദിച്ചിരുന്നില്ല, ജനാലയിൽക്കൂടി തണുത്ത കാറ്റ് ഉള്ളിലേയ്ക്ക് വീശിയടിച്ചു. അടുക്കളയിലെ പണികൾ ഒരുവിധം ഒതുങ്ങിയിരുന്നു, കറികൾകൂടി വാങ്ങിവെച്ചതിനു ശേഷമാണ് മുറിയിലേക്ക് വന്നത്. രവി എന്തോ വായിക്കുകയാണ്. അടുത്ത് ചെന്ന് നോക്കിയപ്പോൾ മുഖം മറച്ച് കിടന്നുറങ്ങുന്നതാണ് കണ്ടത്. ഒന്നും പറയുവാൻ തോന്നിയില്ല, ഉറക്കം ഉണർത്തേണ്ടന്നു തോന്നി പതുക്കെ അടുക്കളയിലേക്ക്  തന്നെ മടങ്ങി. രണ്ടുപേർ മാത്രം താമസിക്കുന്ന വീട്ടിൽ പണികൾ ചെയ്ത് സമയം തള്ളിനീക്കുവാൻ കഴിയുകയില്ല.
ഒറ്റപ്പെടലിന്റെ മടുപ്പ് എന്നെ മുച്ചൂടും മൂടിയിരുന്നു. രവിയൊരിക്കലും ഇങ്ങനെയായിരുന്നില്ല, പലപ്പോഴും തന്റേതായ ലോകത്തിലേയ്ക്ക് ഒതുങ്ങിയിരുന്നിനെങ്കിലും ഒരിക്കലും എന്നെ ഇത്രമാത്രം ഒറ്റപെടുത്തിയിരുന്നില്ല. ഇതുവരെ ഇല്ലാത്തവണ്ണം തീർത്തും തനിച്ചാവുന്നത് എനിക്കറിയുവാൻ കഴിയുന്നുണ്ട്. കാര്യകാരണങ്ങൾ ഏതുമില്ലാതെ ഞാനീ ചുവരുകൾക്കുള്ളിൽ ഒറ്റപെടുന്നു. സ്വന്തം ചിന്തകൾക്കുകൂടി അന്യയായെന്നൊരു തോന്നൽ. കോൺക്രീറ്റ് ഭിത്തിയുടെ സംരക്ഷത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരാൾക്കൂട്ടത്തിനിടയിൽ ഒറ്റപെട്ട് പോകാനുള്ള വിഷമം കൊണ്ട് ഞാൻ എന്നെ ഈ മുറികൾക്കുള്ളിൽ തളച്ചിട്ടു. തമ്മിൽ നേരിടേണ്ടി വരുന്ന സന്ദർഭങ്ങളിൽ രവി ഒന്നോ രണ്ടോ വാക്കുകളിൽ സംസാരമൊതുക്കി. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരാമ തോടിനുള്ളിലേയ്ക്ക് തല വലിച്ചെടുക്കുന്ന വേഗതയിൽ എന്നിൽ നിന്നും ഒഴിഞ്ഞു മാറി.  ദൂരങ്ങളിൽ നിന്നുവന്നുചേർന്ന്, ഒരുമിച്ച് യാത്ര തുടങ്ങി വീണ്ടും പഴയതിനേക്കാൾ ദൂരത്തേക്കു ഞങ്ങൾ അകന്നു പോയ്ക്കൊണ്ടെയിരുന്നു. കിടക്കയിൽ  രണ്ടു ധ്രുവങ്ങളിൽ അകന്നു മാറി കിടന്നു. രവിയുടെ എകാന്തത തകർക്കാൻ ഞാൻ ശ്രമിച്ചില്ല. ചിലപ്പോൾ  ചിലർക്കൊക്കെ അവരവരുടെ എകാന്തത വിലപ്പെട്ടതാണെന്നു വായിച്ചിട്ടുണ്ട് പണ്ടെവിടെയോ. അവനവന്റെ സത്വബോധവുമായി കലഹിച്ചു പിരിയുമ്പോൾ രവി എന്നിലേയ്ക്ക് തന്നെ മടങ്ങി വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നു പോയി, രവി തന്റെ മൗഢ്യതവിട്ടു പുറത്തു വന്നില്ലെന്ന് മാത്രമല്ല കൂടുതൽ കൂടുതൽ തന്നിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടി. മഴപെയ്ത് തോർന്ന മറ്റൊരു പകലിൽ എന്നിലേയ്ക്ക് തന്നെയവൻ വരുമെന്നോർത്ത് കാത്തിരുന്നു ഞാൻ. എന്റെ ആത്മാവ് രവിയുടെ കൂട്ടിനായ് ദാഹിച്ചുകൊണ്ടിരുന്നു. മുറ്റത്തെ ഇനിയും പൂക്കാത്ത തേന്മാവ് കാറ്റത്ത് ആടിയുലഞ്ഞു. വീട്ടിലെ പൂച്ച എന്തോ അപകടം മണത്തത് പോലെ എന്റെ കാലില മുട്ടിയുരുമ്മി നിന്നു. അവൾ എന്റെ ദേഹത്ത് ചാടി കയറി നഖങ്ങൾ കൊണ്ടെന്റെ നെഞ്ച് കുത്തി കീറിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. ദിവസങ്ങൾ കഴിഞ്ഞു പോകുംതോറും ഞാന്നും രവിയും കൂടുതൽ അകലുകയല്ലാതെ ഒരിഞ്ചു പോലും അടുത്തില്ല. പോകെപ്പോകെ ആത്മാവിന്റെ ആവശ്യങ്ങളെക്കാൾ ശരീരത്തിന്റെ ആവശ്യങ്ങൾ കൂടി വന്നു. ശരീരവും ആത്മാവും ശക്തമായ വാദപ്രതിവാദങ്ങളിൽ എർപ്പെട്ട് കൊണ്ടിരുന്നു. സദാചാരത്തിന്റെ വാൾ തലയ്ക്കു മുകളിൽ തൂങ്ങിയാടി എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു. അലമാരിയിലിരിക്കുന്ന ഒരിക്കലുമുടുക്കാത്ത സാരി പോലെ എന്റെ ആത്മാവും പതിയെ ദ്രവിക്കാൻ തുടങ്ങി. ദിവസങ്ങളിൽ ഞാൻ രാത്രിയാകുവാൻ കാത്തിരുന്നു. പകലിനെ ഇരുട്ട് വിഴുങ്ങുവാനുള്ള ഓരോ കാത്തിരിപ്പും രവി വന്നു കഴിയുമ്പോൾ തിരിച്ച് പകലിലേയ്ക്ക് എത്താനുള്ള വെമ്പലുകളിൽ പെട്ടുലഞ്ഞു. അത്രമേൽ ഒട്ടിച്ചേർന്നിരുന്ന രണ്ടാത്മാക്കൾ തീർത്തും അപരിചിതരായ് കഴിഞ്ഞിരുന്നു. അപരിചിതത്വം ചിരപരിചിതമായിട്ടും അതിന്റെ കാരണമന്വേഷിക്കാൻ ഞാൻ തുനിഞ്ഞില്ല. കാര്യകാരണങ്ങൾ എന്നെ കൂടുതൽ വേദനിപ്പിക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു.
നാലുച്ചുമരുകൾകുള്ളിൽ നിറഞ്ഞു നിന്ന എന്റെ വീർപ്പുമുട്ടൽ ശരീരത്തിനേയും മനസ്സിനേയും കടന്ന്, ഈ വീടുവിട്ട് പുറത്തേക്ക് ഒഴുകുവാൻ തുടങ്ങി.  വീടിന്റെ വാതിൽ തള്ളി തുറന്ന് ഞാൻ പുറത്തേക്കിറങ്ങി. വഴിയിൽ ആദ്യം കണ്ടത് ഒരു മധ്യവയസ്കനെ ആയിരുന്നു. ഞാൻ അയാളെ നോക്കി ചിരിച്ചു എന്ന് വരുത്താൻ ശ്രമിച്ചെങ്കിലും അയാൾ എന്നെ കണ്ട ഭാവം നടിച്ചില്ല. മുന്നോട്ടു നീങ്ങുവാൻ ചെറുതായി പേടി തോന്നിയെങ്കിലും വീണ്ടും ഞാൻ മുന്നോട്ടു തന്നെ നടന്നു. കുറച്ചു നടന്നപ്പോൾ എതിരേ ഒരു മീൻ വിൽപ്പനക്കാരൻ തന്റെ സൈക്കിളിൽ വന്നു. അയാളുടെ ഹൃദ്യമായ ചിരി കുലീനവും വശ്യതയാർന്നതുമായിരുന്നു. അയാൾ തന്റെ കൂടയിൽ ഉണ്ടായിരുന്ന മത്തിയും കിളിമീനും പിന്നെ മറ്റെന്തൊക്കെയോ മീനുംകളും എനിക്ക് വിലക്കുവാൻ ശ്രമിച്ചു. മീൻ വാങ്ങുന്നതിലുമുപരി പച്ചയായ മനുഷ്യർ എന്നെ ചോരയും നീരുമുള്ള ഒരു സ്ത്രീയെന്നപോൽ കണ്ടത്തിൽ എനിക്ക് സന്തോഷം തോന്നി. ഊരും പേരും അറിയില്ലെങ്കിലും ആ നിമിഷത്തിൽ അയാൾ എനിക്ക് പ്രിയപെട്ടവനായിത്തീർന്നു. വിഷാദം നിറഞ്ഞ എന്റെ ചുമരുകൾക്കുള്ളിലെയ്ക്ക് അയാളെ ഞാൻ സ്വാഗതം ചെയ്തു. രവിയെന്നയാളേയും പേരിട്ടു വിളിച്ചയാൾക്കുമേൽ ഞാനെന്റെ ഭാരമിരക്കി വെച്ചു. ഉമ്മ പട്ടിണിയാൽ മനസ്സും ശരീരവും തളർന്നെനിക്ക് രവി പുതുമണവും ജീവനും അവൻ പകർന്നേകി. മീൻ മണം പടർന്നെന്റെ കാലുകൾ വീട്ടിലെ പൂച്ച നക്കി തുടച്ചു മിനുക്കാൻ പണി പെട്ടു. വൈകിട്ട് എന്റെ രവി വരുന്നതുവരേയും അവിടിരിക്കാൻ അയാളെ ഞാൻ നിർബന്ധിച്ചു. കൂടയിലെ മീൻമണം മുറികളിൽ തങ്ങി നിന്നു. എനിക്കത് തീർത്തും പുതിയതായിരുന്നു. അയാൾ കരയ്ക്കടിഞ്ഞ മീനിനെ പോലെ ശ്വാസം കഴിക്കാൻ നന്നേ ബുദ്ധിമുട്ടി. ഞങ്ങൾക്കിടയിൽ കിടന്നു വിരകുന്ന പൂച്ചയുടെ ചെയ്തികൾ നോക്കിയിരുന്ന് സമയം കഴിഞ്ഞു പോയി. രവി വന്നപ്പോൾ ഞാനെന്റെ പുതിയ രവിയെ പരിചയപ്പെടുത്തി കൊടുത്തു. രവിയും രവിയും കൈ കോർത്ത് പിടിച്ച് മുറിയിലേക്ക് നടന്നു പോയി. സന്ധ്യ മയങ്ങിയപ്പോൾ രവി തന്റെ മീൻ കൂട യുമായി മടങ്ങിപോയി. രവിയുടെ ശരീരം മീൻ ചെതുംമ്പൽ കൊണ്ട് പൊതിഞ്ഞിരുന്നു. ആ മണം ചുറ്റിപറ്റി ഞാനും എന്റെ പൂച്ചയും അയാൾക്ക്‌ ചുറ്റും കറങ്ങി.

Monday 8 February 2016

വഴി.

ഒരു കാറ്റ്
ചെറിയ മഴ
പപ്പടക്കുട.
പിന്നെ വെയിൽ
പൂമഴ, പൂമണം.
നീണ്ട വഴി
അറ്റത്തൊരാല്മരം
കീഴെയൊരാനപിണ്ഡം.
പിന്നേം വഴി
അന്തമില്ലാത്ത വഴി.
മഴ ചോർന്നൊലിക്കുന്നു.
കൈകൾകോർത്തു നാം നടക്കുന്നു.
പിന്നേം വെയിൽ പിന്നേം മഴ
അന്തമില്ലാത്ത വഴി.

Wednesday 20 January 2016

അമ്മയുടെ കാമുകൻ.

സംസാരിക്കുവാൻ ഒന്നുമില്ലായിരുന്നു. ഒഴിഞ്ഞ ഗ്ലാസ് ഒരിക്കൽ കൂടി നിറയ്ക്കുവാൻ അയാൾ ബിയർബോട്ടിൽ ചെരിച്ചു. തന്റെ ചെയ്തികളെ സസൂക്ഷ്മം വീക്ഷിക്കുന്ന ആ രണ്ടു കണ്ണുകളെ അയാൾ ഭയപ്പെടുന്നുവെന്നു തോന്നി. കൗമാരത്തിന്റെ ചാപല്യങ്ങൾ ഏതുമേൽക്കാത്ത കണ്ണുകൾ മേശയുടെ  മറുവശത്തിരുന്നിരുന്ന ആൺകുട്ടിയുടേതായിരുന്നു. നൊമ്പരപെടുത്തുന്ന  നിശബ്ദത അയാൾക്ക്‌ ചുറ്റും പടർന്നു പിടിച്ചു. കുട്ടി അയാളോടൊന്നും ചോദിച്ചതുമില്ല, കഴിച്ചതുമില്ല. തണുത്ത കാറ്റ് അന്തരീക്ഷം നിറഞ്ഞു നിന്നിട്ടും അയാൾ വിയർത്ത് കുളിച്ചിരുന്നു. തങ്ങളുടെയിടയിൽ തങ്ങിനിന്നിരുന്ന ചിരപരിചിതമായ അപരിചിതത്വം അയാൾ മുതലെടുക്കുവാൻ തീരുമാനിച്ചു. പുറത്തെ തിരക്കിലേയ്ക്ക് കണ്ണയച്ചുകൊണ്ട് അയാൾ ചോദിച്ചു, നീ എത്രയിലാണ് പഠിക്കുന്നത്? കുട്ടി മുഖം തെല്ലുയർത്തിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഒരേസമയം അപകർഷതയും കുറ്റബോധവും അയാളെ വേട്ടയാടി. കുട്ടിയെ കാണുവാൻ എടുത്ത തീരുമാനത്തെ അയാൾ മനസ്സിൽ പ്രാകികൊണ്ടിരുന്നു. കൗമാരം കടക്കാത്ത കുട്ടിയിൽ നിന്നും അവന്റെ ഊടും പാവുമായിരുന്ന അമ്മയെ ബലമായ്‌ പിടിച്ചെടുത്ത രഹസ്യകാമുകനായിരുന്നു അയാൾ. തന്നോടുതന്നെ അയാൾക്ക് വെറുപ്പ്‌ തോന്നി. ഭാവഭേദമേതും കൂടാതെ തന്നെ നോക്കിയിരിക്കുന്ന കണ്ണുകൾ ഏതോ യോഗിയുടേതെന്നപോൽ നിഷ്കളങ്കവും നിർമലവുമായിരുന്നു. അയാൾ ഇരുന്നു മുഷിയുന്ന മുറയ്ക്ക് മുന്നിലെ ഗ്ലാസ് പലതവണ ഒഴിയുകയും നിറയുകയും ചെയ്തു.
അസ്തമയസൂര്യൻ തന്റെ വിശാലമായ കൈകൾ  വിരിച്ച് ഭൂമിയെ ആലിംഗനം ചെയ്തു, നാളെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ അവർ പിരിയാൻ തുടങ്ങുകയായിരുന്നു. കുട്ടിയും സാവധാനം തന്റെ കസേരയിൽ നിന്നെണീറ്റ് അമ്മയുടെ കാമുകനെ ദീർഘമായ് ആലിംഗനം ചെയ്തു. ഒരുടുപ്പഴിക്കുന്ന ലാഘവത്തോടെ കുട്ടി തന്റെ ബാല്യവും കൗമാരവും അയാൾക്ക്‌ മുന്നിൽ ഉപേക്ഷിച്ച്, ദൂരങ്ങളിലേയ്ക് യാത്രയായി.

Tuesday 22 September 2015

ഒരു കൂവലിന്റെ കഥ!

പതിവ് പോലെ ചിന്തകൾ പൊട്ടിയ പട്ടച്ചരട് പോലെ കാറ്റിന്റെ ദിശതേടി അലഞ്ഞു തുടങ്ങി. സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കലും ചുവന്ന മഷി  പേന ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല, അതുകൊണ്ടാവണം  മുതിർന്നപ്പോൾ ഒരു വാശി തീർക്കുവാനെന്നവണ്ണം ഒരു ചുവന്ന മഷിപ്പേന എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു. ചിലപ്പോൾ  ഇത്രയധികം ചുവപ്പ് എന്റെ കണ്ണിൽ പടർന്നു കയറാനുള്ള കാരണവും ആർക്കും വേണ്ടാത്ത ഈ വാശി ആയിരിക്കും. ചിന്തയിൽ കനത്തു വന്ന എകാന്തതയോടൊപ്പം ഒരു പുകകൂടി ഉള്ളിലേയ്ക് കയറി. സമയം സന്ധ്യ മയങ്ങി, ചീവിടുകൾ കരഞ്ഞു തുടങ്ങി. ഏതെങ്കിലും ഒരു ചീവീട് ഒറ്റയ്ക്ക് കരയുന്നുണ്ടാവുമോ ? ഒരിക്കലും ഒരു ചീവിട് ഒറ്റയ്കിരുന്നു കരഞ്ഞതായി കേട്ട് കേൾവിയില്ല. വീണ്ടും ഏകാന്തത ഒപ്പം പൊടി മഴയും .

സമയം എന്റെ മുകളിലുള്ള പിടിവള്ളി അയച്ചു തന്നതുപോലെ , ഞാൻ പതുക്കെ എണീറ്റ് നടന്നു തുടങ്ങി.നടപ്പ് അവസാനിച്ചത് എന്നും വരാറുള്ള കുളക്കരയിലാണ്. ഒരു ചുവടു താമര പോലും വളരാതിരുന്നിട്ടും ഈ കുളത്തിന് വിളിപ്പേര് താമരക്കുളം എന്നായിരുന്നു. പേരിന്റെ അനൌചിത്യം കുളത്തിലെ കുഞ്ഞോളങ്ങൾ തമ്മിൽ പങ്കുവെക്കുന്നുണ്ടോ ? ഒട്ടൊരു ചിന്തയില നിന്നും എന്നെ ഉണർത്തിയത് ഒരു കൂവലായിരുന്നു. ആദ്യമോർത്തത്  ഏതോ ചെക്കന്മാർ കുയിലിനെ കൂവി വിളിക്കുകയാണെന്നാണ്. ചെവിയൊന്നുകൂടി വട്ടം പിടിക്കേണ്ടി വന്നു കൂവൽ കുട്ടികളുടേതല്ല എന്ന് മനസിലാക്കാൻ. ചന്നം പിന്നം കൂവലല്ല. കൂവുന്നതിനും ഒരു താളമുണ്ട്. കൂവി കരയുകയാണെന്നു തോന്നും. അതോ കരച്ചിലിനുമപ്പുറം ഒരു പ്രതിഷേധം ഇരമ്പുകയാണോ ആ കൂവലിൽ ? 
കുളത്തിൽ ബോട്ടുകൾ ഉണ്ടായിരുന്നു, സീസണ്‍ അല്ലാത്തത് കൊണ്ട് ആളുകൾ കുറവായിരുന്നെങ്കിലും ചില ബോട്ടുകൾ ഭാരം വഹിച്ചുകൊണ്ട് വെള്ളതലപ്പിലൂടെ തെന്നി നീങ്ങി. കാമുകിയുടെ കളകൂജനങ്ങളെക്കാൾ മധുരിതമാവാഞ്ഞിട്ടാവണം  ആരും ഈ കൂവൽ കേട്ടതായ് കൂടി ഭാവിച്ചില്ല. എല്ലാനും അവരവരുടേതായ ലോകങ്ങളിൽ കഴിഞ്ഞു. എനിക്ക് ഒളിക്കാൻ ഒരു ലോകം ഉണ്ടായിരുന്നില്ല, ഉള്ള ലോകത്തിൽ തന്റേതായ കാരണങ്ങളാൽ ഞാൻ തീർത്തും ഒറ്റയ്കായിരുന്നു. 
വീണ്ടും ആ കൂവൽ എന്റെ ചിന്തകളെ പിടിച്ചുലച്ചു. ഇപ്പോൾ പൂർണവളർച്ചയെത്തിയ ഞാനെന്ന മനുഷ്യൻ രണ്ടുകാലിൽ ഉറച്ചു നിന്ന് ഒരു കൂവലിന് കാതോർക്കുകയാണ്‌. എന്റെ നടത്തം ഞാൻ ആ കൂവലിന് നേരെയാക്കി, നടക്കുംതോറും കൂവലിന് ശക്തി കൂടിക്കൂടിവന്നു. ഒരു പക്ഷെ ഞാൻ  അങ്ങെത്തും മുൻപ് ഈ കൂവൽ നിലച്ചു പോകുമോ  എന്ന ഭയം എന്നെ അലട്ടി. തൊണ്ടപൊട്ടി അയാൾ മരിച്ചു പോയാൽ എന്റെ ജീവിതം എത്രമാത്രം അർത്ഥശൂന്യമാകുമെന്നോർത്തു ഞാൻ നെടുവീർപ്പിട്ടു. കൂവൽ മാത്രമല്ല കൂവുന്ന ആൾ കൂടി എനിക്കിപ്പോൾ വേണ്ടപെട്ടവനായി.  താളാത്മകമായ കൂവൽ ഒരു തിരമാലയായ് വന്നു എന്റെ നെഞ്ചോരം തട്ടി തിരിച്ചു പോയ്‌കൊണ്ടിരുന്നു. ഒരു തിരവന്നു പോകുന്നതിനു പിറകെ ഓടിച്ചെന്നു കടലമ്മ കള്ളി എന്നെഴുതിവെച്ച് അടുത്ത തിര അത് മായ്ക്കാൻ കാത്തു നിൽക്കുന്ന കുട്ടിയെപോലെ ഞാൻ അയാളുടെ കൂവലിനായ് കാത്തു നില്ക്കുകയാണ്. 

നടപ്പാതയുടെ ഒരം ചേർന്ന് നിൽകുന്ന തണൽ മരങ്ങളിലൊന്നിന്റെ  ചോട്ടിൽ  അവസാനം ഞാൻ അയാളെ കണ്ടുമുട്ടി. തന്റെ  ചുറ്റുമുള്ള സർവ ചരാചരങ്ങളെയും അർഹമായ അവഗണയോടെ തള്ളികളഞ്ഞുകൊണ്ട് അയാൾ കൂവുകയായിരുന്നു. ഇടമുറിയാതെ ഈണത്തിൽ, തെല്ലൊരീർഷ്യയോടെ ഈ ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് കൂവുകയാണയാൾ. ആ കൂവലിൽ തടാകക്കരയിലെ ചീവീടുകൾ തീർത്തും നിശബ്‌ദ്ധരായത് പോലെ തോന്നി.  എന്റെ ഏകാന്തതകളെ സംഗീതാർദ്രമാക്കിയ ചീവുടുകൾ എന്നെന്നേക്കുമായി എന്നെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞു.  ഞാനും കൂവലും മാത്രം ബാക്കിയായി!

അയാൾ ആർക്കും ഒരുപദ്രവം കൂടാതെ അവിടിരുന്ന് കൂവൽ തുടർന്നു. പഴയതെങ്കിലും വൃത്തിയുള്ളതായിരുന്നു അയാളുടെ വേഷം. മുടി  ഒരു സംഘട്ടനം കഴിഞ്ഞെന്നപോലെ കിടന്നിരുന്നു. അയാളുടെ അടുത്തിങ്ങനെ നില്ക്കുന്നത് കൊണ്ടാവണം ഡ്യൂട്ടിയിലുള്ള കാവൽക്കാരൻ എന്റെയരികിലേക്ക് വന്നത്, കാവൽക്കാരൻ തെല്ലൊരു അരിശത്തോടെ എന്നോട് പറഞ്ഞുതുടങ്ങി  "സർ,
കുറച്ചകലെയുള്ള മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾ ഉച്ചതിരിഞ്ഞ് തടാകം കാണാൻ എത്തിയിരുന്നു അവരിൽ നിന്നും കൂട്ടം തെറ്റിപോയ മനുഷ്യനാണ്. എത്ര പറഞ്ഞിട്ടും ഓഫീസിൽ വന്നിരിക്കാൻ കൂട്ടാക്കുന്നില്ല. അവർ വരുമ്പോൾ തന്നെ കാണാതെ പോവരുതല്ലോ എന്നും പറഞ്ഞാണ് ഈ വഴിയിൽ കുത്തിയിരിന്നു കൂവുന്നത്. "  കാവൽക്കാരൻ പറഞ്ഞവസാനിപ്പിച്ചു.

മുറിയിൽ കയറി ഇരുന്നാൽ തന്നെകാണില്ലല്ലോ എന്ന പേടിയിൽ അയാൾ വഴിയിലിരുന്ന് കൂവി തുടങ്ങി. ഓർമകളിൽ ഞാൻ വീണ്ടും ഒറ്റപെടുകയായിരുന്നു. ഗ്രൌണ്ടിൽ കളിച്ചുകൊണ്ടിരുന്നു സ്കൂൾബസ്സിൽ കയറാൻ മറന്നു പോയ ഞാൻ കാലങ്ങൾക്കിപ്പുറവും അതേ വഴിയരുകിൽ നിന്ന് കരയുന്നു. അന്ന്  സ്റ്റാഫ്‌റൂം തുറന്ന് തന്ന് അവടിരിക്കാൻ ആവശ്യപെട്ട ടീച്ചറോട്‌ തോന്നിയ ദേഷ്യം അതെ ദേഷ്യം ഇയാൾ കാവൽക്കാരനോടും കാണിച്ചിരിക്കും. ഉള്ളിലിരിക്കാൻ കൂട്ടാക്കാതെ ഗേറ്റിങ്കൽ നിന്ന് അലറി കരഞ്ഞ അഞ്ചുവയസ്സുകാരന്റെ  പക്കലേക്ക് ഞാൻ എടുത്തെറിയപ്പെട്ടു. അമ്മ വന്നിട്ടും എന്നെ കണ്ടില്ലെങ്കിലോ എന്നോർത്ത് പേടിച്ച് നെഞ്ച്പൊട്ടിപ്പോയ ബാല്യം കണ്ണുനീർ ചാലുകളായ്‌ രൂപാന്തരപെട്ടു. 


നിസ്സഹായാവസ്ഥ തന്നെ നോക്കി പല്ലിളിച്ചിട്ടും കരയാനറിയാതെ ആരോടോകൂവി വിളിച്ച് സഹായമാരായുന്ന ഇയാളെ എനിക്ക് പെട്ടെന്ന് മനസ്സിലായി. തന്റെതല്ലാത്ത ലോകത്ത് പൊടുന്നനെ ഒറ്റപെട്ടുപോയ ഒരാൾ!! അയാള് ഞാൻ തന്നെയായിരുന്നു.
അയാളോടൊപ്പം ചേർന്നിരുന്നു ഞാനും കൂവി എട്ടുനാടും പൊട്ടുന്ന ഒച്ചയിൽ. മഴ കനത്തുതുടങ്ങി. ചീവിടുകളുടെ കരച്ചിൽ പിന്നീട് ഞാൻ കേട്ടിട്ടില്ല.


  
  

Monday 26 January 2015

മരണമൊഴി

എനിക്ക് മരിക്കാൻ തോന്നുന്നുണ്ട്. എങ്ങനെയാണൊന്നു മരിക്കുക ?? ഒന്ന് മരിച്ചാൽ മതിയായിരുന്നു. ഇങ്ങനെ മരിക്കാനായി കൊതിച്ചു തുടങ്ങിയിട്ട് ഇതിപ്പോ നാളെത്രയായി എന്നാ..
പക്ഷെ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം കാര്യം നടക്കില്ലല്ലോ. മരിക്കാൻ ആഗ്രഹം മാത്രം മതിയോ ? ആഗ്രഹിച്ചതു കൊണ്ടുമാത്രം ആരും മരിച്ചതായ്‌ ഞാൻ കേട്ടിട്ടില്ല. ആഗ്രഹത്തോടെ മരിച്ചവരെയും എനിക്കറിയില്ല.
ഇനിപ്പോ മരിക്കാനായി എന്താ ഒരു വഴി ?
ഒന്നില്ലേൽ പോയി ആത്മഹത്യ ചെയ്യാം, അല്ലേൽ വല്ലോ ദെണ്ണോം വന്നു ചാകണം.
ആത്മഹത്യ എന്തുകൊണ്ടും നല്ലൊരു ചോയിസ് ആണ്. പക്ഷെ അപ്പോഴും പ്രശ്നമുണ്ട്, തൂങ്ങിമരിക്കണോ അതോ വിഷമടിച്ചു ചാകണോ എന്ന് മുട്ടൻ കണ്‍ഫ്യൂഷൻ ഉണ്ടാകും. ചാകും എന്നുറപ്പുള്ള വഴിയേ തിരഞ്ഞെടുക്കാൻ പറ്റൂ. തൂങ്ങി മരിക്കാൻ കയറെടുക്കുമ്പോഴാകും ഏതേലും ഊളകൾ വന്നു കതകിൽ മുട്ടുക. ഇനിയിപ്പോൾ കതകിൽ മുട്ടിയില്ല എന്ന് തന്നെ ഇരിക്കട്ടെ, ഞാൻ തൂങ്ങി ഇങ്ങനെ ആടുമ്പോൾ കയറു പൊട്ടുകയോ മറ്റോ ചെയ്താലോ ? ആത്മഹത്യ പാളി എന്ന് മാത്രമല്ല താഴെ വീണ്  നടുവ് ഉളുക്കുകയും ചെയ്യും. ഇതൊന്നും സംഭവിച്ചില്ലെങ്കിൽ കൂടെ തന്നെ മരണവുമായി മല്ലിടുന്ന അവസാനത്തെ നിമിഷങ്ങളിൽ മേൽപ്പറഞ്ഞ ഊളകൾ എന്നെ കാണുകയും മുൻപെങ്ങും തോന്നാത്തവിധം എന്നോട് സ്നേഹം തോന്നുകയും തന്മൂലം വാരിക്കോരി എടുത്തോണ്ട് ആസ്പത്രിയിലെയ്ക് കൊണ്ടുപോകുവാനുമ്മുള്ള സാധ്യത തള്ളിക്കളയാനാവുന്നതല്ല. അതുകൊണ്ട് തൂങ്ങിച്ചാവുക എന്ന പരുപാടി ഞാൻ ഉപേക്ഷിച്ചു.
ഇനിയിപ്പോൾ വിഷം കഴിക്കുക എന്നതാണല്ലോ ആത്മഹത്യ എന്ന ക്ലാസ്സിലെ  അടുത്ത സ്പീഷീസ്. വിഷം കഴിക്കലിനും മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ബാധകമായതിനാലും എന്റെ മരണം നടക്കും എന്ന് രേഖാമൂലം ഒരുറപ്പും തരാൻകഴിയാത്തതിനാലും  ഞാൻ ആ വഴി ഉപേക്ഷിക്കുകയാണ്. അപ്പോൾ നിങ്ങൾക്ക് ന്യായമായും തോന്നാവുന്ന ഒരു സംശയമാണ് "ഇവൾ എന്തുകൊണ്ട് ട്രെയിനിനു അടവെക്കുന്നില്ല എന്ന്" നിങ്ങൾ കരുതുംപോലെ എനിക്ക് മടിയുള്ളത് കൊണ്ടോ ഞാനൊരു പേടിത്തൊണ്ടി ആയതുകൊണ്ടോ അല്ല, മറിച്ച് സുന്ദരിയും സുമുഖയും സർവ്വോപരി  സൽഗുണ സമ്പന്നയുമായ ഞാനൊക്കെ  "ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണമെന്ന " പഴംചൊല്ല് ഫോള്ളോ ചെയ്യുന്ന ടീംസ് ആയതുകൊണ്ട് മാത്രമാണത്.
ഇനിയിപ്പോൾ വിധിക്ക് കാര്യം വിട്ടുകൊടുക്കാമെന്നു വെച്ച് വെറുതെ ഇരുന്നാലോ ? വിധിന്നു പറയുന്ന ടീമിന് എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ! എന്നെ പോലെ തന്നെ അനേക കോടി ജനങ്ങളുടെ മരണ ജനന ജീവിത പ്രശ്നങ്ങൾ നോക്കാൻ വിധിക്കുണ്ടാവില്ലേ ???
വിധിക്ക് തോന്നീം പിടിച്ചും എന്നെ കൊല്ലണംന്നു തോന്നി വരുമ്പോഴേക്കും കൊല്ലങ്ങൾ കഴിഞ്ഞിട്ടുണ്ടാകും.
ഞാൻ വീണ്ടും ശോകമൂകയായ് കണ്‍ഫ്യൂഷനടിച്ച് താടിക്ക് കയ്യും കൊടുത്തിരുന്നു. താൽക്കാലികമായ ഒരാശ്വാസത്തിന് വേണ്ടി ചാകാനുള്ള കൃമികടി മാറ്റിവെച്ച്  സുന്ദരിയും സുമുഖയും സർവോപരി കാൽക്കാശിനു വിലയുള്ളവളുമായ അമ്മിണി പശുവിന്റെ ചാണകം വാരുന്നതിൽ ഞാൻ ശ്രദ്ധ തിരിച്ചു. ചാണകം വാരുക എന്ന് പറഞ്ഞാൽ അത്ര പാടുള്ള പണിയല്ല എങ്കിലും, ചാണകം വാരാൻ കുനിയണം എന്നതിനാലും വാരിയ ശേഷം നെയിൽ പോളിഷ് ഇട്ടു മിനുക്കിയ കയ്യുടെ ശോചനീയാവസ്ഥയും അതിന്റെ മണവും കൂടി കണക്കിലെടുക്കുമ്പോൾ ഈ പണി എനിക്ക് തീരെ ഇഷ്ടമില്ല. 
അമ്മിണി ഒരമ്മയാണ്, കാര്യമായ മുതൽ മുടക്കില്ലാതെ പാല് കിട്ടുന്നതുകൊണ്ട്  അവൾക്ക് തീർച്ചയായും എന്നേലും വിലയുണ്ട് ഇവിടെ. പോരാത്തതിന് മിണ്ടാപ്രാണി എന്നതിന്റെ സിമ്പതി വേറെയും. പുല്ലും വൈക്കോലും മുറയ്ക്ക് കിട്ടും. ഒന്നുറക്കെ അമറിയാൽ കാടിവെള്ളവും. വീട്ടിൽ പുളിശേരി വെക്കുന്നുണ്ടേൽ അവൾ കോളടിച്ചു വെള്ളരിക്കായുടെ തൊലിയിട്ട വെള്ളം. ഓക്കയോ കാലിത്തീറ്റയോ തേങ്ങാ പിണ്ണാക്കോ ഇട്ട സ്പെഷ്യൽ കാടി വെള്ളം  എന്നും വൈകിട്ടും ഉണ്ടാകും. സത്യം പറഞ്ഞാൽ അമ്മിണിയാണ് രാജ്ഞി, കുളിപ്പിക്കാനും എന്തിനേറെ പറയുന്നു വെള്ളം കുടിച്ച പാത്രം പോലും കഴുകാൻ ആളുണ്ടവൾക്ക്. 
സോ കോൾഡ്  രാജ്ഞിയുടെ അപ്പി അക ചാണകം വാരാനും, അത് ചാരവുമായി കൂട്ടികുഴച്ച്  പാവലിനും പടവലത്തിനും ഇട്ടുകൊടുക്കുവാൻ ഓടുന്നതിനുമിടയിൽ ഒരു കുഞ്ഞു വെള്ളികെട്ടന്റെ വാലിൽ ഞാനൊന്നു ചവുട്ടി. ചവുട്ടിയതറിയാതെ മുന്നോട്ട് കാലു പറിച്ച് നടുന്നതിനിടയിൽ അവൻ തന്റെ സർവ്വശക്തിയുമെടുത്ത് എന്റെ കണങ്കാലിനിട്ട് ആഞ്ഞൊരു കൊത്ത്. വിധി കെട്ടില്ലെങ്കിലെന്താ വെള്ളികെട്ടൻ കേട്ടല്ലോ അതുമതി!     

Saturday 25 October 2014

പുകമറ

മുറിയിൽ  നീല നിറം തങ്ങിനിന്നിരുന്നു. ദൂരെ ആകാശങ്ങളിലേയ്ക് വിഷപ്പുക തുപ്പുന്ന ചിമ്മിനി കുഴലുകൾ. വിഷം തിന്നു വിറങ്ങലിച്ച ഭൂമി. 
ഇരുട്ടിനു കനം കൂടിക്കൂടി വന്നു. മുറിക്കുള്ളിലെ വെളിച്ചവും പുക മായ്ച്ചു തുടങ്ങി. മുറിയിൽ നിന്നും അവരുടെ ചിരിയൊച്ചകൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
"കള്ളം ഞാൻ പറയില്ല "- തന്റെ അവസാനത്തെ കള്ളം പറഞ്ഞു മുഴുമിപ്പിചിട്ട് അവൻ ഉള്ളിലേയ്ക് ഒന്ന് പാളി നോക്കി. പുകമറയ്ക്കുന്ന അരണ്ട നീല വെളിച്ചം നിറഞ്ഞു നിന്ന മുറിയിൽ ഇപ്പോൾ മൂന്നു പേർ. 
തന്റെ ശബ്ദം കൊണ്ട് മാത്രം മുറിയിലുണ്ടായിരുന്നവൾ  അവന്റെ നുണയിൽ വിശ്വസിച്ച് ഈ മുറിയിൽ നിന്നും പിൻവാങ്ങിയിരുന്നു. ആരും ഏറ്റ് പാടാനില്ലാഞ്ഞിട്ടും 
കൂടുതലിമ്പത്തോടെ ആ റേഡിയോ മുറിയിൽ പാടിക്കൊണ്ടിരുന്നു.
തന്റെ ആത്മാവിനോട് സംവേദിച്ചുകൊണ്ടിരുന്ന ഒന്നാമൻ തരം കിട്ടുമ്പോഴൊക്കെ തറയിലിരുന്ന മിക്സ്ചർ പാക്കറ്റിൽ കയ്യിട്ടു വാരി.
രണ്ടാമൻ തന്റെ പേന ഇടയ്കിടയ്ക്‌ കുടഞ്ഞുകൊണ്ട് ഇതെഴുതിതീർക്കുന്നതിൽ മുഴുകി. മൂന്നാമനായ നീ ഇപ്പോൾപരിസരബോധമില്ലാതെ ഇതുവായിച്ചു കൊണ്ടിരിക്കുന്നു.
അടുത്ത ജോയിന്റ് അവർക്കിടയിൽ കിടന്നു കറങ്ങുവാൻ തുടങ്ങി കഴിഞ്ഞു .
ഭൂമിയും  നിങ്ങളും ഒരുപോലെ വിറങ്ങലിച്ചുകൊണ്ടിരുന്നു.. 

Thursday 3 April 2014

യുദ്ധം..

തുടർന്ന് അവൻ ഇപ്രകാരം അരുൾ ചെയ്തു, 
"കണ്ണിനു പകരം കണ്ണ് ചൂഴ്ന്നെടുക്കുന്ന നഗരമേ നിന്റെ വാതിലുകൾ ഇരുളിലേയ്ക്കു തുറക്കപ്പെടും"
യാത്ര..
ശരീരത്തിലെ ശേഷിക്കുന്ന ഓരോ തുള്ളിരക്തവും വാർന്നൊലിക്കും, ഞാൻ മരിക്കും.
മരണം എനിക്ക് ശിക്ഷയല്ല രക്ഷയാണ്. വേദന തിന്നു കൊണ്ട് ഈ പച്ചമണ്ണിൽ കിടക്കുക എന്നത് അത്രമേൽ പ്രയാസകരമായി മാറിയിരിക്കുന്നു. കത്തുന്ന സൂര്യന്റെ തണലിൽ ഞാൻ മരണത്തെ കാത്തിരുന്നു. ഉറക്കം കടാക്ഷിക്കാത്ത കണ്ണിൽ ചോരയും കണ്ണുനീർ നനവും മുറ്റി നിന്നു.
രാവും പകലും വളഞ്ഞു പുളഞ്ഞു നീണ്ടു പോകുമ്പോൾ, അകലങ്ങളിൽ വട്ടമിട്ടു പറക്കുന്ന കഴുകന്റെ അടുത്ത സദ്യ ഞാനായിരിക്കും. ചലനമറ്റ ശരീരത്തിലെ തുടിക്കുന്ന ഹൃദയം അവൻ കാണില്ല, തുറന്നു പിടിച്ചിരിക്കുന്ന കണ്ണുകൾ അവൻ കൊത്തിപ്പറിക്കും,
കാഴ്ചയുടെ കാണാപ്പുറങ്ങൾ തേടി എന്റെ കണ്ണ് യാത്രയാകും!

കാഴ്ച്ചയുടെ യുദ്ധം..
ഈ ജനൽ, ഈയൊരു കാഴ്ച, ഇതാണവന്റെ ലോകം; തന്റെ ചലനമറ്റ കാലുകൾ അവനു സമ്മാനിച്ച ഒരുപിടി കാഴ്ചകൾ. ഒരേ കാഴ്ചകൾ തന്നെ കണ്ട് അവന്റെ കണ്ണിൽ ഒരു തഴമ്പ് തന്നെ രൂപപെട്ടിരിക്കുന്നു. ആവർത്തന വിരസത തളം കെട്ടിനിൽക്കുന്ന ജീവിത യാഥാർത്യത്തിന്റെ തഴമ്പ്.
കാറ്റേറ്റുവിറയ്ക്കുന്ന മരങ്ങളും, മരവിച്ചുനിൽക്കുന്ന കെട്ടിടങ്ങളും, വരകൾക്ക് മീതെ വരകളായ് നിറയുന്ന ജനാലകളും. മധുരം തേടിയലയുന്ന ഉറുമ്പിൻപറ്റങ്ങൾ പോലുള്ള മനുഷ്യരും നിറയുന്ന പുറംലോകം. കാഴ്ചയുടെ തനിയാവർത്തനം സൃഷ്ടിക്കുന്ന വിരസതയിലേക്ക്‌ അയാൾ ഉറ്റുനോക്കികൊണ്ടിരുന്നു.
അത്രമേൽ നിശ്ചലമായ കാഴ്ചയിലേക്ക് നിയതിയുടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തികൊണ്ട് ഒരാനാതുമ്പി കടന്നു വന്നിരിക്കുന്നു, അയാളിലെ ആകാംക്ഷ ഇരട്ടിയായി.
തുമ്പി തന്റെ ശരീരത്തോട് ചേർത്തുനിർത്തിയിരുന്ന കൊച്ചു കല്ലുകൾ താഴേയ്ക്കിട്ടു.
ആരെയും ഞെട്ടിക്കുന്ന ആർത്തനാദത്തോടെ കെട്ടിടങ്ങൾ അവയുടെ മരവിപ്പിനെ കുടഞ്ഞെറിഞ്ഞ് നിലംപതിച്ചു. പൊടിപടലങ്ങൾ ഉയർന്നു പൊന്തി അവന്റെ കാഴ്ച്ചയെ മറച്ചിരിക്കുന്നു
കാഴ്ച്ചയുടെ യുദ്ധം തുടർന്നു!       

കണ്ണ്..
ഇതൊരു പാലമാണ്, ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്തപാലം. ചോരപ്പാടുകൾ കളമെഴുതിയ ഭൂമിയിൽചിന്നി ചിതറികിടക്കുന്ന ശരീരഭാഗങ്ങളിൽ ചവിട്ടാതെ ഞാൻ സശ്രദ്ധം നടന്നു. ചോരയൊലിപ്പിച്ച് ഉറങ്ങികിടന്നിരുന്ന ശവശരീരങ്ങൾക്ക് മുകളിൽ കാക്കകളും കഴുകന്മാരും വട്ടമിട്ടുപറന്നു. നിർജീവമായൊരു മാംസപിണ്ഡത്തിൽ തന്റെ ചിറകുകൾ വിടർത്തി ആധിപത്യമുറപ്പിക്കുന്ന കഴുകന്റെ ചിത്രം എന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ആർത്തിയോടെ കൊത്തിപറിച്ച കഴുകന്റെ വായിൽ നിന്നും അതാ ഒരു "കണ്ണ്", ഒരൊറ്റ കണ്ണ്  തെറിച്ചു വീണിരിക്കുന്നു. തെല്ലൊരമ്പരപ്പോടെ ആ കണ്ണിനെ കയ്യിലൊതുക്കി ഞാൻ വീണ്ടും നടന്നു തുടങ്ങി. കണ്ണീരിന്റെ നനവാർന്ന കണ്ണ് എന്റെ കൈപ്പിടിയിൽ ഒതുങ്ങിയിരിന്നു. ജീവന്റെ പച്ചപ്പ്‌ വിട്ടുമാറാത്ത കണ്ണ്.” 
ഒരു ദിവസം ആഘോഷിക്കുവാൻ വേണ്ട വാർത്ത കിട്ടിയ സന്തോഷത്താൽ ഞാൻ നടന്നു.യുദ്ധത്തിന്റെ ഭീകരത പുറംനാട്ടിലെത്തിക്കാൻ ഈ ഒരു കണ്ണും കഴുകനും ധാരാളം.
ഓഫീസിലേക്കടുക്കും തോറും എന്റെ കാഴ്ചകൾ മങ്ങി കൊണ്ടിരുന്നു, എന്റെ ഇടത്തേക്കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. കാഴ്ച്ചകൾ എനിക്കുമുന്നിൽ പാതിയടഞ്ഞു.