Tuesday 22 September 2015

ഒരു കൂവലിന്റെ കഥ!

പതിവ് പോലെ ചിന്തകൾ പൊട്ടിയ പട്ടച്ചരട് പോലെ കാറ്റിന്റെ ദിശതേടി അലഞ്ഞു തുടങ്ങി. സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കലും ചുവന്ന മഷി  പേന ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല, അതുകൊണ്ടാവണം  മുതിർന്നപ്പോൾ ഒരു വാശി തീർക്കുവാനെന്നവണ്ണം ഒരു ചുവന്ന മഷിപ്പേന എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു. ചിലപ്പോൾ  ഇത്രയധികം ചുവപ്പ് എന്റെ കണ്ണിൽ പടർന്നു കയറാനുള്ള കാരണവും ആർക്കും വേണ്ടാത്ത ഈ വാശി ആയിരിക്കും. ചിന്തയിൽ കനത്തു വന്ന എകാന്തതയോടൊപ്പം ഒരു പുകകൂടി ഉള്ളിലേയ്ക് കയറി. സമയം സന്ധ്യ മയങ്ങി, ചീവിടുകൾ കരഞ്ഞു തുടങ്ങി. ഏതെങ്കിലും ഒരു ചീവീട് ഒറ്റയ്ക്ക് കരയുന്നുണ്ടാവുമോ ? ഒരിക്കലും ഒരു ചീവിട് ഒറ്റയ്കിരുന്നു കരഞ്ഞതായി കേട്ട് കേൾവിയില്ല. വീണ്ടും ഏകാന്തത ഒപ്പം പൊടി മഴയും .

സമയം എന്റെ മുകളിലുള്ള പിടിവള്ളി അയച്ചു തന്നതുപോലെ , ഞാൻ പതുക്കെ എണീറ്റ് നടന്നു തുടങ്ങി.നടപ്പ് അവസാനിച്ചത് എന്നും വരാറുള്ള കുളക്കരയിലാണ്. ഒരു ചുവടു താമര പോലും വളരാതിരുന്നിട്ടും ഈ കുളത്തിന് വിളിപ്പേര് താമരക്കുളം എന്നായിരുന്നു. പേരിന്റെ അനൌചിത്യം കുളത്തിലെ കുഞ്ഞോളങ്ങൾ തമ്മിൽ പങ്കുവെക്കുന്നുണ്ടോ ? ഒട്ടൊരു ചിന്തയില നിന്നും എന്നെ ഉണർത്തിയത് ഒരു കൂവലായിരുന്നു. ആദ്യമോർത്തത്  ഏതോ ചെക്കന്മാർ കുയിലിനെ കൂവി വിളിക്കുകയാണെന്നാണ്. ചെവിയൊന്നുകൂടി വട്ടം പിടിക്കേണ്ടി വന്നു കൂവൽ കുട്ടികളുടേതല്ല എന്ന് മനസിലാക്കാൻ. ചന്നം പിന്നം കൂവലല്ല. കൂവുന്നതിനും ഒരു താളമുണ്ട്. കൂവി കരയുകയാണെന്നു തോന്നും. അതോ കരച്ചിലിനുമപ്പുറം ഒരു പ്രതിഷേധം ഇരമ്പുകയാണോ ആ കൂവലിൽ ? 
കുളത്തിൽ ബോട്ടുകൾ ഉണ്ടായിരുന്നു, സീസണ്‍ അല്ലാത്തത് കൊണ്ട് ആളുകൾ കുറവായിരുന്നെങ്കിലും ചില ബോട്ടുകൾ ഭാരം വഹിച്ചുകൊണ്ട് വെള്ളതലപ്പിലൂടെ തെന്നി നീങ്ങി. കാമുകിയുടെ കളകൂജനങ്ങളെക്കാൾ മധുരിതമാവാഞ്ഞിട്ടാവണം  ആരും ഈ കൂവൽ കേട്ടതായ് കൂടി ഭാവിച്ചില്ല. എല്ലാനും അവരവരുടേതായ ലോകങ്ങളിൽ കഴിഞ്ഞു. എനിക്ക് ഒളിക്കാൻ ഒരു ലോകം ഉണ്ടായിരുന്നില്ല, ഉള്ള ലോകത്തിൽ തന്റേതായ കാരണങ്ങളാൽ ഞാൻ തീർത്തും ഒറ്റയ്കായിരുന്നു. 
വീണ്ടും ആ കൂവൽ എന്റെ ചിന്തകളെ പിടിച്ചുലച്ചു. ഇപ്പോൾ പൂർണവളർച്ചയെത്തിയ ഞാനെന്ന മനുഷ്യൻ രണ്ടുകാലിൽ ഉറച്ചു നിന്ന് ഒരു കൂവലിന് കാതോർക്കുകയാണ്‌. എന്റെ നടത്തം ഞാൻ ആ കൂവലിന് നേരെയാക്കി, നടക്കുംതോറും കൂവലിന് ശക്തി കൂടിക്കൂടിവന്നു. ഒരു പക്ഷെ ഞാൻ  അങ്ങെത്തും മുൻപ് ഈ കൂവൽ നിലച്ചു പോകുമോ  എന്ന ഭയം എന്നെ അലട്ടി. തൊണ്ടപൊട്ടി അയാൾ മരിച്ചു പോയാൽ എന്റെ ജീവിതം എത്രമാത്രം അർത്ഥശൂന്യമാകുമെന്നോർത്തു ഞാൻ നെടുവീർപ്പിട്ടു. കൂവൽ മാത്രമല്ല കൂവുന്ന ആൾ കൂടി എനിക്കിപ്പോൾ വേണ്ടപെട്ടവനായി.  താളാത്മകമായ കൂവൽ ഒരു തിരമാലയായ് വന്നു എന്റെ നെഞ്ചോരം തട്ടി തിരിച്ചു പോയ്‌കൊണ്ടിരുന്നു. ഒരു തിരവന്നു പോകുന്നതിനു പിറകെ ഓടിച്ചെന്നു കടലമ്മ കള്ളി എന്നെഴുതിവെച്ച് അടുത്ത തിര അത് മായ്ക്കാൻ കാത്തു നിൽക്കുന്ന കുട്ടിയെപോലെ ഞാൻ അയാളുടെ കൂവലിനായ് കാത്തു നില്ക്കുകയാണ്. 

നടപ്പാതയുടെ ഒരം ചേർന്ന് നിൽകുന്ന തണൽ മരങ്ങളിലൊന്നിന്റെ  ചോട്ടിൽ  അവസാനം ഞാൻ അയാളെ കണ്ടുമുട്ടി. തന്റെ  ചുറ്റുമുള്ള സർവ ചരാചരങ്ങളെയും അർഹമായ അവഗണയോടെ തള്ളികളഞ്ഞുകൊണ്ട് അയാൾ കൂവുകയായിരുന്നു. ഇടമുറിയാതെ ഈണത്തിൽ, തെല്ലൊരീർഷ്യയോടെ ഈ ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് കൂവുകയാണയാൾ. ആ കൂവലിൽ തടാകക്കരയിലെ ചീവീടുകൾ തീർത്തും നിശബ്‌ദ്ധരായത് പോലെ തോന്നി.  എന്റെ ഏകാന്തതകളെ സംഗീതാർദ്രമാക്കിയ ചീവുടുകൾ എന്നെന്നേക്കുമായി എന്നെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞു.  ഞാനും കൂവലും മാത്രം ബാക്കിയായി!

അയാൾ ആർക്കും ഒരുപദ്രവം കൂടാതെ അവിടിരുന്ന് കൂവൽ തുടർന്നു. പഴയതെങ്കിലും വൃത്തിയുള്ളതായിരുന്നു അയാളുടെ വേഷം. മുടി  ഒരു സംഘട്ടനം കഴിഞ്ഞെന്നപോലെ കിടന്നിരുന്നു. അയാളുടെ അടുത്തിങ്ങനെ നില്ക്കുന്നത് കൊണ്ടാവണം ഡ്യൂട്ടിയിലുള്ള കാവൽക്കാരൻ എന്റെയരികിലേക്ക് വന്നത്, കാവൽക്കാരൻ തെല്ലൊരു അരിശത്തോടെ എന്നോട് പറഞ്ഞുതുടങ്ങി  "സർ,
കുറച്ചകലെയുള്ള മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾ ഉച്ചതിരിഞ്ഞ് തടാകം കാണാൻ എത്തിയിരുന്നു അവരിൽ നിന്നും കൂട്ടം തെറ്റിപോയ മനുഷ്യനാണ്. എത്ര പറഞ്ഞിട്ടും ഓഫീസിൽ വന്നിരിക്കാൻ കൂട്ടാക്കുന്നില്ല. അവർ വരുമ്പോൾ തന്നെ കാണാതെ പോവരുതല്ലോ എന്നും പറഞ്ഞാണ് ഈ വഴിയിൽ കുത്തിയിരിന്നു കൂവുന്നത്. "  കാവൽക്കാരൻ പറഞ്ഞവസാനിപ്പിച്ചു.

മുറിയിൽ കയറി ഇരുന്നാൽ തന്നെകാണില്ലല്ലോ എന്ന പേടിയിൽ അയാൾ വഴിയിലിരുന്ന് കൂവി തുടങ്ങി. ഓർമകളിൽ ഞാൻ വീണ്ടും ഒറ്റപെടുകയായിരുന്നു. ഗ്രൌണ്ടിൽ കളിച്ചുകൊണ്ടിരുന്നു സ്കൂൾബസ്സിൽ കയറാൻ മറന്നു പോയ ഞാൻ കാലങ്ങൾക്കിപ്പുറവും അതേ വഴിയരുകിൽ നിന്ന് കരയുന്നു. അന്ന്  സ്റ്റാഫ്‌റൂം തുറന്ന് തന്ന് അവടിരിക്കാൻ ആവശ്യപെട്ട ടീച്ചറോട്‌ തോന്നിയ ദേഷ്യം അതെ ദേഷ്യം ഇയാൾ കാവൽക്കാരനോടും കാണിച്ചിരിക്കും. ഉള്ളിലിരിക്കാൻ കൂട്ടാക്കാതെ ഗേറ്റിങ്കൽ നിന്ന് അലറി കരഞ്ഞ അഞ്ചുവയസ്സുകാരന്റെ  പക്കലേക്ക് ഞാൻ എടുത്തെറിയപ്പെട്ടു. അമ്മ വന്നിട്ടും എന്നെ കണ്ടില്ലെങ്കിലോ എന്നോർത്ത് പേടിച്ച് നെഞ്ച്പൊട്ടിപ്പോയ ബാല്യം കണ്ണുനീർ ചാലുകളായ്‌ രൂപാന്തരപെട്ടു. 


നിസ്സഹായാവസ്ഥ തന്നെ നോക്കി പല്ലിളിച്ചിട്ടും കരയാനറിയാതെ ആരോടോകൂവി വിളിച്ച് സഹായമാരായുന്ന ഇയാളെ എനിക്ക് പെട്ടെന്ന് മനസ്സിലായി. തന്റെതല്ലാത്ത ലോകത്ത് പൊടുന്നനെ ഒറ്റപെട്ടുപോയ ഒരാൾ!! അയാള് ഞാൻ തന്നെയായിരുന്നു.
അയാളോടൊപ്പം ചേർന്നിരുന്നു ഞാനും കൂവി എട്ടുനാടും പൊട്ടുന്ന ഒച്ചയിൽ. മഴ കനത്തുതുടങ്ങി. ചീവിടുകളുടെ കരച്ചിൽ പിന്നീട് ഞാൻ കേട്ടിട്ടില്ല.


  
  

5 comments:

  1. Shawshank Redemption ലെ ലൈബ്രേറിയനെ ഓർമ്മ വന്നു. നാൽപത് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായപ്പോൾ പുറത്തെ ലോകത്ത് ജീവിക്കാനറിയാതെ പകച്ച് പോയ ബ്രൂക്സ്.

    ReplyDelete
  2. നന്ന്.. പക്ഷേ ആദ്യഭാഗം കുറച്ചു ചീ൪ത്തുപോയി. വാക്കുകൾ വാചകങ്ങൾ ഒക്കെ തേച്ചുരച്ച് തിളക്കണം. കുറച്ചു വാക്കുകൾ കൂടുതൽ ശക്തിയോടെ പറയൂ.. ഇനിയും നന്നാവും.

    ReplyDelete
  3. നന്ന്.. പക്ഷേ ആദ്യഭാഗം കുറച്ചു ചീ൪ത്തുപോയി. വാക്കുകൾ വാചകങ്ങൾ ഒക്കെ തേച്ചുരച്ച് തിളക്കണം. കുറച്ചു വാക്കുകൾ കൂടുതൽ ശക്തിയോടെ പറയൂ.. ഇനിയും നന്നാവും.

    ReplyDelete
    Replies
    1. :* കൃഷ്ണേടെ അമ്മയ്ക്ക് അപ്പിടി ഉമ്മകൾ!!!

      Delete
  4. പ്രേക്ഷകനെ പിടിച്ച്‌ നിർത്താൻ കഴിഞ്ഞില്ല. ആദ്യഭാഗം രസകരമായെങ്കിലും അവസാനത്തെക്ക്‌ കഥാതന്തുവിൽ നിന്നും വ്യതിചലിച്ചു. 1.2*/5

    ReplyDelete