Tuesday 23 July 2013

ആത്മബന്ധം ...

വായനയിലും എഴുത്തിലും ജീവിതത്തിലും സന്തതസഹചാരികളായി
ഉണ്ടായിരുന്നു എനിക്ക് ഒരു പുതപ്പും തലയിണയും  ..
ഇണ പിരിയാത്ത ആത്മബന്ധം 
അക്ഷരങ്ങൾ മനസ്സിന്റെ ചൂളയിൽ തീക്കനലുകളായ്  എരിഞ്ഞമരുന്ന രാത്രികളിൽ , ഞാൻ എന്റെ  മുറിയിലെ കസാലമേൽ ഈ തലയിണ  വെച്ച് , അതിനുമുകളിലാണിരുന്നിരുന്നത്. ഒരിക്കലും എന്റെ അവിടം വേദനിക്കരുതെന്ന്  കലശലായ  ആഗ്രഹമുള്ളതു പോലെ എന്റെ തലയിണ എന്നെ സ്നേഹിച്ചു ,
അതി ശൈത്യത്തിലും , കൊടും ചൂടിലും എന്റെ കട്ടിപുതപ്പ്  ഞാനുപെക്ഷിച്ചിരുന്നില്ല !
കാശ്മീരിൽ  നിന്നും വന്ന സ്നേഹിതൻ സമ്മാനിച്ച ആ  പുതപ്പ്  എന്നിലെ സർഗസൃഷ്ടിയെ ഉണർതുന്നതായ് എനിക്കു  പലപ്പോഴും അനുഭവപെട്ടിരുന്നു 
മാസത്തിൽ  ഒരിക്കൽ എന്റെ മുറി വൃത്തിയാക്കുവാൻ വരുമായിരുന്ന ആയമ്മയെ ഞാൻ കഠിനമായ്‌ വെറുത്തു..
അവർ വരുന്ന ദിവസം എന്റെ പുതപ്പ്  വെള്ളത്തിൽ കുതിർന്നമർന്ന്  
വെറുമൊരു തുണിയെന്ന നിലയിലേക്ക് തരം താഴുന്ന കാഴ്ച  എന്നെ സങ്കടപെടുത്തുകയും, ജീവിതം തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
ചിത്തഭ്രമം പോലുള്ള  എന്തോ ഒന്ന് എന്റെ ഹൃദയത്തെ വരിഞ്ഞു മുറുക്കുകയും ,തലയുടെ  പിറകിൽ , വലത് ചെവിയിൽ  നിന്നും മൂന്നു വിരൽ അകലത്തിൽ  എനിക്കൊരു  വേദന  സമ്മാനിക്കുന്നതും നിത്യ സംഭവങ്ങൾ ആയിരുന്നു , 
ഒറ്റദിവസത്താൽ  ഏറിയാൽ രണ്ടു ദിവസത്താൽ  മാറുമായിരുന്ന ഈ വേദനയുടെ അന്ത്യം എന്നും തലയിണ കെട്ടിപിടിച്ച് പുതപ്പിനുള്ളിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ഒരു സുന്ദര സ്വപ്നമായിരുന്നു. വേദന വരുമ്പോൾ മുതൽ ഈ സ്വപ്നത്തെ ഞാൻ മാടിവിളിക്കുകയും, പുതപ്പ് ഉണങ്ങിയതിനു ശേഷം മാത്രം എന്റെ സ്വപ്നം ഫലിക്കുകയും ചെയ്തുവന്നിരുന്നു.
ഈ നിത്യസംഭവങ്ങൾ ഞാനറിയാതെ തന്നെ എന്നിൽ നിന്നും മാഞ്ഞുപോവുകയും പകരം ആറോ ഏഴോ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു പ്രണയത്തിനടിപ്പെടുകയും ചെയ്യുകയുണ്ടായി.
അക്കാലത്ത് ഒരിക്കൽപോലും എഴുതുവാനോ, സങ്കടപ്പെടുവാനോ, രാത്രികാലങ്ങളിലല്ലാതെ പുതപ്പ് പുതയ്ക്കുവാനോ ഞാൻ ശ്രമിച്ചിരുന്നില്ല.
ഒറ്റമുറിവീട്ടിൽ എങ്ങുനിന്നില്ലാത്ത വൃത്തിയുണ്ടായിരുന്നു. അലമാരകൾ പൊടിപിടിച്ചിരുന്നത് പുസ്തകങ്ങൾ ചിതലരിച്ചു തുടങ്ങിയത് അവയ്ക്ക് ഒരു ആഢ്യത്തം കൈവരിക്കപെട്ടു എന്ന എന്റെ തോന്നലിനു ആക്കം കൂട്ടുകയും ചെയ്തു   ..
 ആഴ്ചയിൽ  ഒരിക്കൽ അയാൾ വരുമായിരുന്നു
അയാൾ പറയുന്ന വാർത്തകൾ  കേൾക്കാൻ , അയാൾ ലോകം നോക്കി കാണുമ്പോലെ കാണാൻ ,ഉള്ളിലടക്കി  പിടിച്ചിരിക്കുന്ന വൈകാരിക ക്ഷോഭത്തെ കെടുത്താൻ.. എല്ലാം എനിക്കാ സാന്നിധ്യം അനിവാര്യമായിരുന്നു ...
മേശയുടെ  പുറത്തിരിക്കുന്ന കത്തുകൾ മാത്രമായിരുന്നു  അക്കാലത്ത് എന്റെ വായനാലോകം
വീട്ടിലേക്കു തിങ്കളാഴ്ചതോറും എഴുതുമായിരുന്ന കത്തുമാത്രമായി ചുരുങ്ങി എന്റെ എഴുത്തിന്റെ വ്യാപ്തി
"രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം ഞെട്ടുന്നു - ഒക്ടോവിയോപാസ്"
 ലോകത്തിനെ ഇങ്ങനെ ഞെട്ടിക്കാനുള്ള വൃഥാ പരിശ്രമത്തിലേർപെട്ടനാൾ മുതൽ ഞാൻ പരാജയവും കയ്പ്പും രുചിച്ചു തുടങ്ങി ...
അയാളുടെ നല്ല സുഹൃത്ത് എന്നതിലപ്പുറത്തേക്ക് ഉയരാനാവാത്തത് ,എന്നെ നിത്യ ദുഃഖത്തിൽ ആഴ്ത്തുകയുണ്ടായി
വിരഹവേദനയ്ക്കപ്പുറം ഞാനെന്റെ പഴയ ദുഃഖത്തെ കണ്ടെടുത്തുതുടങ്ങി ,
മനസ്സിനെ  ഏകാന്തത വരിഞ്ഞു മുറുക്കിയപ്പോൾ ജീവിതം അതി ദുസ്സഹവും സങ്കീർണവുമായിതീർന്നു  ,കയ്ക്കുന്ന ജീവിതയാഥാർത്യങ്ങൾ മരണത്തേക്കാൾ  ഭീകരമാണെന്നും ഏകാന്തത അതിന്റെ മൂർധന്യാവസ്ഥ ആണെന്നുമുള്ള തിരിച്ചറിവ് എന്നെ വീണ്ടും അതെ കട്ടിലിലേയ്ക്ക് എത്തിച്ചു ..
ഉറക്കമില്ലാത്ത രാവുകളിൽ എനിക്കെന്റെ പുതപ്പും തലയിണയും കൂട്ടിരുന്നു , ചിതലരിച്ച പുസ്തകങ്ങൾ ഒരു നിലവിളക്കിന്റെ തിരികൾ കണക്കെ  എന്നെ ആശ്വസിപ്പിച്ചു


"ഇപ്പോൾ  ഞാനുറങ്ങുകയാണ് , ഒരു പഴയ വേദനയുടെ അന്ത്യം  പോലെ , പുതപ്പിനുള്ളിൽ , എന്റെ  തലയിണ കെട്ടിപ്പിടിച്ചുകൊണ്ട് "


11 comments:

 1. ഹും, പോരട്ടെ....
  ഇനിയും കിടിലൻ പോസ്റ്റുകൾ വരട്ടെ... :)

  ReplyDelete
  Replies
  1. നന്ദി , ഒരുപാട് സ്നേഹം നിർമൽ :)

   Delete
 2. മാർകേസിന്റെ പരിഭാഷകളിലെ ഭാഷയുടെ സ്വാധീനം ഉള്ളത് പോലെ തോന്നുന്നു . ചിലയിടത്തൊക്കെ കമലാദാസും ഭാഷയിൽ കടന്നു വരുന്നു . ശൈലിയിലെ സ്വാധീനം എന്നേ ഉദ്ദേശിച്ചുള്ളൂ . എഴുതിയത് നന്നായിരിയ്ക്കുന്നു ..
  സമയമായില്ലാപോലും സമയമായില്ലാ പോലും
  ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞൂതോഴീ ... എന്നാണോ തലയിണയോട് വാസവദത്ത പറയാറുള്ളത് . പ്രതീക്ഷ കൈ വിടണ്ട ..
  "I will come to you, when the time ripens " എന്നാണ് ടാഗോറിന്റെ ഉപഗുപ്തൻ പറയുന്നത് .
  " നേരം വിളയുന്ന നേരമായാൽ, വന്നെത്തിടും ഞാൻ നിന്റെ ചാരെ "
  :-)

  ReplyDelete
  Replies
  1. ഭവതി ഒരു നവോദയൻ ആണെന്നറിഞ്ഞതിൽ വളരെ സന്തോഷം !!

   ഹമി നവോദയ് ഹോ :-)))

   ആ വേർഡ്‌ വെരിഫികേഷൻ എടുത്തു മാറ്റിയാൽ നന്നായിരിക്കും .

   Delete
  2. ഒത്തിരി സന്തോഷം അംജിത് , ഇനിയും നന്നാക്കാൻ ശ്രമിക്കും ...
   നവോദയൻ ആണ് ...
   ഒത്തിരി സ്നേഹം , ഒത്തിരി സന്തോഷം ....

   Delete
 3. "വിരഹവേദനയ്ക്കപ്പുറം ഞാനെന്റെ പഴയ ദുഃഖത്തെ കണ്ടെടുത്തുതുടങ്ങി..."
  " ചിതലരിച്ച പുസ്തകങ്ങൾ ഒരു നിലവിളക്കിന്റെ തിരികൾ കണക്കെ എന്നെ ആശ്വസിപ്പിച്ചു..."

  ഇതുപോലെ അനുഭവമുള്ളതു കൊണ്ടാവും ഈ വരികൾ കൂടുതൽ അടുപ്പം തോന്നിച്ചു.. ഇനിയും നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  ReplyDelete
  Replies
  1. എനിക്ക് കഴിയാവുന്നത് പോലെ എഴുതാൻ ശ്രമിക്കാം ആനന്ദ് , ഒത്തിരി സന്തോഷം

   Delete
 4. "ഉറക്കമില്ലാത്ത രാവുകളിൽ എനിക്കെന്റെ പുതപ്പും തലയിണയും കൂട്ടിരുന്നു "..ഇത് പോലെ പുതപ്പും തലയിണയും കൂട്ടിരുന്ന രാവുകളെ കുറിച്ചോര്‍ത്തു പോയ്‌ ഇത് വായിച്ചപ്പോ .പേടി സ്വപ്നം കണ്ടു ഞെട്ടിയുണരുമ്പോള്‍ , ഉറക്കം വരും വരെ നാമജപം ചെയ്യുമ്പോള്‍ , പുതപ്പിന്റെ ഉള്ളില്‍ നിന്നും കിട്ടുന്ന ചൂടും തലയിണയുടെ സ്നേഹ സ്പര്‍ശവും എത്രയോ ആശ്വാസമാണ് , അമ്മയുടെ ഗര്‍ഭത്തിലെ പോലെ ,മടിത്തട്ടിലെ പോലെ ഒരു സുരക്ഷിതത്വം .കുഞ്ഞമ്മിണിക്കുട്ടി എനിക്ക് പരിചയമുള്ള ഏതോ ഓര്‍മ്മകളെ വീണ്ടും സമ്മാനിച്ചു.നല്ല ശൈലി , ഒരുപാട് ഇഷ്ടം , സ്നേഹം :) സ്നേഹത്തിന്‍റെ പാത അങ്ങേയറ്റം വരെ നീണ്ടു പോവാണ് , അതിലൂടെ തന്നെയാവട്ടെ യാത്ര , ആശംസകള്‍ :)

  ReplyDelete
 5. ഇന്ദൂ മയിൽ‌പീലി മഴ പോലെ സ്നേഹം

  ReplyDelete
 6. ഇഷ്ടായി. നന്നായിട്ടുണ്ട്. :D

  ReplyDelete