Thursday 3 April 2014

യുദ്ധം..

തുടർന്ന് അവൻ ഇപ്രകാരം അരുൾ ചെയ്തു, 
"കണ്ണിനു പകരം കണ്ണ് ചൂഴ്ന്നെടുക്കുന്ന നഗരമേ നിന്റെ വാതിലുകൾ ഇരുളിലേയ്ക്കു തുറക്കപ്പെടും"
യാത്ര..
ശരീരത്തിലെ ശേഷിക്കുന്ന ഓരോ തുള്ളിരക്തവും വാർന്നൊലിക്കും, ഞാൻ മരിക്കും.
മരണം എനിക്ക് ശിക്ഷയല്ല രക്ഷയാണ്. വേദന തിന്നു കൊണ്ട് ഈ പച്ചമണ്ണിൽ കിടക്കുക എന്നത് അത്രമേൽ പ്രയാസകരമായി മാറിയിരിക്കുന്നു. കത്തുന്ന സൂര്യന്റെ തണലിൽ ഞാൻ മരണത്തെ കാത്തിരുന്നു. ഉറക്കം കടാക്ഷിക്കാത്ത കണ്ണിൽ ചോരയും കണ്ണുനീർ നനവും മുറ്റി നിന്നു.
രാവും പകലും വളഞ്ഞു പുളഞ്ഞു നീണ്ടു പോകുമ്പോൾ, അകലങ്ങളിൽ വട്ടമിട്ടു പറക്കുന്ന കഴുകന്റെ അടുത്ത സദ്യ ഞാനായിരിക്കും. ചലനമറ്റ ശരീരത്തിലെ തുടിക്കുന്ന ഹൃദയം അവൻ കാണില്ല, തുറന്നു പിടിച്ചിരിക്കുന്ന കണ്ണുകൾ അവൻ കൊത്തിപ്പറിക്കും,
കാഴ്ചയുടെ കാണാപ്പുറങ്ങൾ തേടി എന്റെ കണ്ണ് യാത്രയാകും!

കാഴ്ച്ചയുടെ യുദ്ധം..
ഈ ജനൽ, ഈയൊരു കാഴ്ച, ഇതാണവന്റെ ലോകം; തന്റെ ചലനമറ്റ കാലുകൾ അവനു സമ്മാനിച്ച ഒരുപിടി കാഴ്ചകൾ. ഒരേ കാഴ്ചകൾ തന്നെ കണ്ട് അവന്റെ കണ്ണിൽ ഒരു തഴമ്പ് തന്നെ രൂപപെട്ടിരിക്കുന്നു. ആവർത്തന വിരസത തളം കെട്ടിനിൽക്കുന്ന ജീവിത യാഥാർത്യത്തിന്റെ തഴമ്പ്.
കാറ്റേറ്റുവിറയ്ക്കുന്ന മരങ്ങളും, മരവിച്ചുനിൽക്കുന്ന കെട്ടിടങ്ങളും, വരകൾക്ക് മീതെ വരകളായ് നിറയുന്ന ജനാലകളും. മധുരം തേടിയലയുന്ന ഉറുമ്പിൻപറ്റങ്ങൾ പോലുള്ള മനുഷ്യരും നിറയുന്ന പുറംലോകം. കാഴ്ചയുടെ തനിയാവർത്തനം സൃഷ്ടിക്കുന്ന വിരസതയിലേക്ക്‌ അയാൾ ഉറ്റുനോക്കികൊണ്ടിരുന്നു.
അത്രമേൽ നിശ്ചലമായ കാഴ്ചയിലേക്ക് നിയതിയുടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തികൊണ്ട് ഒരാനാതുമ്പി കടന്നു വന്നിരിക്കുന്നു, അയാളിലെ ആകാംക്ഷ ഇരട്ടിയായി.
തുമ്പി തന്റെ ശരീരത്തോട് ചേർത്തുനിർത്തിയിരുന്ന കൊച്ചു കല്ലുകൾ താഴേയ്ക്കിട്ടു.
ആരെയും ഞെട്ടിക്കുന്ന ആർത്തനാദത്തോടെ കെട്ടിടങ്ങൾ അവയുടെ മരവിപ്പിനെ കുടഞ്ഞെറിഞ്ഞ് നിലംപതിച്ചു. പൊടിപടലങ്ങൾ ഉയർന്നു പൊന്തി അവന്റെ കാഴ്ച്ചയെ മറച്ചിരിക്കുന്നു
കാഴ്ച്ചയുടെ യുദ്ധം തുടർന്നു!       

കണ്ണ്..
ഇതൊരു പാലമാണ്, ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്തപാലം. ചോരപ്പാടുകൾ കളമെഴുതിയ ഭൂമിയിൽചിന്നി ചിതറികിടക്കുന്ന ശരീരഭാഗങ്ങളിൽ ചവിട്ടാതെ ഞാൻ സശ്രദ്ധം നടന്നു. ചോരയൊലിപ്പിച്ച് ഉറങ്ങികിടന്നിരുന്ന ശവശരീരങ്ങൾക്ക് മുകളിൽ കാക്കകളും കഴുകന്മാരും വട്ടമിട്ടുപറന്നു. നിർജീവമായൊരു മാംസപിണ്ഡത്തിൽ തന്റെ ചിറകുകൾ വിടർത്തി ആധിപത്യമുറപ്പിക്കുന്ന കഴുകന്റെ ചിത്രം എന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ആർത്തിയോടെ കൊത്തിപറിച്ച കഴുകന്റെ വായിൽ നിന്നും അതാ ഒരു "കണ്ണ്", ഒരൊറ്റ കണ്ണ്  തെറിച്ചു വീണിരിക്കുന്നു. തെല്ലൊരമ്പരപ്പോടെ ആ കണ്ണിനെ കയ്യിലൊതുക്കി ഞാൻ വീണ്ടും നടന്നു തുടങ്ങി. കണ്ണീരിന്റെ നനവാർന്ന കണ്ണ് എന്റെ കൈപ്പിടിയിൽ ഒതുങ്ങിയിരിന്നു. ജീവന്റെ പച്ചപ്പ്‌ വിട്ടുമാറാത്ത കണ്ണ്.” 
ഒരു ദിവസം ആഘോഷിക്കുവാൻ വേണ്ട വാർത്ത കിട്ടിയ സന്തോഷത്താൽ ഞാൻ നടന്നു.യുദ്ധത്തിന്റെ ഭീകരത പുറംനാട്ടിലെത്തിക്കാൻ ഈ ഒരു കണ്ണും കഴുകനും ധാരാളം.
ഓഫീസിലേക്കടുക്കും തോറും എന്റെ കാഴ്ചകൾ മങ്ങി കൊണ്ടിരുന്നു, എന്റെ ഇടത്തേക്കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. കാഴ്ച്ചകൾ എനിക്കുമുന്നിൽ പാതിയടഞ്ഞു.

18 comments:

  1. നന്നായിരിക്കുന്നു, എന്നത്തേയും പോലെ... :) മൂന്നു യുദ്ധക്കാഴ്ചകള്‍..

    >>കാഴ്ചയുടെ കാണാപ്പുറങ്ങൾ തേടി എന്റെ കണ്ണ് യാത്രയാകും<<

    ReplyDelete
    Replies
    1. :) താങ്ക്സ് ജിബിൻ, വായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും.

      Delete
  2. "കണ്ണ്", ഒരൊറ്റ കണ്ണ് തെറിച്ചു വീണിരിക്കുന്നു. തെല്ലൊരമ്പരപ്പോടെ ആ കണ്ണിനെ കയ്യിലൊതുക്കി ഞാൻ വീണ്ടും നടന്നു തുടങ്ങി. കണ്ണീരിന്റെ നനവാർന്ന കണ്ണ് എന്റെ കൈപ്പിടിയിൽ ഒതുങ്ങിയിരിന്നു. “ജീവന്റെ പച്ചപ്പ്‌ വിട്ടുമാറാത്ത കണ്ണ്.” ......................മനോഹരം!

    ReplyDelete
    Replies
    1. ഈ കഥയും വളരെ കുറച്ചു പേരെ വായിച്ചുള്ളൂ, അതിൽ വിരലിൽ എണ്ണിയെടുക്കാൻ പറ്റുന്നത്ര ആൾക്കാർക്കെ കാര്യം മനസ്സിലായുള്ളൂ,
      താങ്ക്സ് പൊടി.

      Delete
  3. നീ ഒരു സംഭവമാണീട്ടോ-
    ഞമ്മൾ

    ReplyDelete
    Replies
    1. :) ടി എല്ലിലെ ഏക ബുദ്ധിജീവി ഇങ്ങനെ പറഞ്ഞാൽ പിന്നെ എനിക്ക് സന്തോഷത്തിനു വേറെന്ത് വേണം?

      Delete
  4. വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ച് അന്ധമായി പോയ സമൂഹമല്ലേ നമ്മുടേത് ..

    ReplyDelete
    Replies
    1. താങ്ക്യൂ .. വായിച്ചഭിപ്രായം അറിയിച്ചതിന്.

      Delete
  5. കമന്റ്‌ ഒരു 4 എണ്ണം കൂടി വേണോ

    ReplyDelete
  6. കയ്യിൽ വെച്ചോ പിന്നെ മേടിച്ചോളാം.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. "കണ്ണിനു പകരം കണ്ണ് ചൂഴ്ന്നെടുക്കുന്ന നഗരമേ നിന്റെ വാതിലുകൾ ഇരുളിലേയ്ക്കു തുറക്കപ്പെടും"
    യുദ്ധത്തിന്റെ 3 വത്യസ്ത ദൃശ്യങ്ങൾ ......
    മനോഹരമായിട്ടുണ്ട്
    ഇനിയും ഒരുപാടു എഴുതുക.......

    ReplyDelete

  9. വന്നു കണ്ടു കൊള്ളാം ഭാവുകങ്ങള്‍ കുഞ്ഞമ്മിണിക്കുട്ട്യേ :)

    ReplyDelete
  10. ഒരേ കാഴ്ചകൾ തന്നെ കണ്ട് അവന്റെ കണ്ണിൽ ഒരു തഴമ്പ് തന്നെ രൂപപെട്ടിരിക്കുന്നു. ആവർത്തന വിരസത തളം കെട്ടിനിൽക്കുന്ന ജീവിത യാഥാർത്യത്തിന്റെ തഴമ്പ് - ഉപമകളൊക്കെ ഒന്നിനൊന്ന് മെച്ചം.ഇതെനിക്കിഷ്ടായി .

    ReplyDelete
  11. "കാഴ്ചയുടെ കാണാപ്പുറങ്ങൾ തേടി എന്റെ കണ്ണ് യാത്രയാകും!" “ജീവന്റെ പച്ചപ്പ്‌ വിട്ടുമാറാത്ത കണ്ണ്.” "കാഴ്ച്ചയുടെ യുദ്ധം തുടർന്നു!"

    കൊള്ളാം.. തീഷ്ണമായ വരികൾ...

    ReplyDelete